( www.panoornews.in) കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി തകർന്ന്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്.


പുലർച്ചയോടെ കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനാണ് ഫയർഫോഴ്സ് സംഘം എത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.
കിണറിന് 80 അടി താഴ്ചയുണ്ടായിരുന്നു. പുലർച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകടം സംഭവിച്ചതായി ഫോൺ കോൾ വന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ വീണെന്നു പറഞ്ഞ് കുട്ടികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.
യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികിൽ നിൽക്കുകയായിരുന്നു ശിവകൃഷ്ണൻ. ഇയാളും കിണറ്റിലേക്ക് വീണു. അപകട സമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നു താമസമെന്നും നാട്ടുകാർ പറയുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും തുടർന്നാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്നുമാണ് പ്രാഥമിക നിഗമനം.
The well collapsed while trying to save a young woman who had jumped into it; Three people, including the young woman and a fireman, died
